മൺസൂണിൽ മൂന്നാർ ഇങ്ങനെയോ? പോക്കറ്റിലൊതുങ്ങുന്ന പണത്തിൽ ഒരു അടിപൊളി യാത്ര
മഞ്ഞു കണ്ട് തണുപ്പാസ്വദിച്ച് കമ്പളം പുതച്ച് ഒരു യാത്ര, അതും കേരളത്തിലെ മനോഹര ഹിൽസ്റ്റേഷനായ മൂന്നാറിലേക്ക്. അന്നും ഇന്നും എന്നും പുതുമയുടെ കാഴ്ച സമ്മാനിക്കുന്ന മൂന്നാർ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ്. സീസൺ എത്തിയാൽ മൂന്നാറിലേക്ക് കാഴ്ചക്കാരുടെ ബഹളമാണ്. മൂന്നാറിന്റെ കാഴ്ചയിലേക്ക് ഒരു ട്രിപ്പായാലോ?
കൈയിലൊതുങ്ങുന്ന പണത്തിൽ ആർഭാടമായിത്തന്നെ മൂന്നാർ യാത്ര നടത്താം. മൺസൂണിൽ മൂന്നാർ അണിഞ്ഞൊരുങ്ങി സുന്ദരിയാകും. മഴയുടെ താളത്തിൽ വെള്ളച്ചാട്ടങ്ങളുടെ ഒഴുക്ക് കൂടും. കരിമ്പാറക്കൂട്ടങ്ങളിലൂടെ വെള്ളിയാഭരണം പോലെ നീർച്ചാലുകൾ പ്രത്യക്ഷപ്പെടും. പച്ചപ്പിനു തിളക്കം കൂടും. ഒപ്പം മിന്നിമറയുന്ന കോടമഞ്ഞും. ആഹാ, സ്വർഗീയം തന്നെ മൺസൂൺ മൂന്നാർ. മഞ്ഞിന്റെ കുളിരും മലനിരകളെ തഴുകിയെത്തുന്ന ഇളംകാറ്റും നൂൽമഴയും സ്വച്ഛമായ അന്തരീക്ഷവുമൊക്കെയായി വല്ലാത്തൊരു വൈബാണ് ഇവിടെ.
കേരളത്തിന്റെ ചിറാപൂഞ്ചി കടന്ന്
നേര്യമംഗലം പാലത്തെ മൂന്നാറിന്റെ കവാടമെന്നു വിളിക്കാം. തിരുവിതാംകൂർ റാണിയായിരുന്ന സേതു ലക്ഷ്മീഭായിയുടെ കാലത്താണ് പാലം പണി തുടങ്ങിയത്–1924 ൽ. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന നേര്യമംഗലത്തിന് കേരളത്തിന്റെ ചിറാപൂഞ്ചി എന്നൊരു വിളിപ്പേരുകൂടിയുണ്ട്.
വെള്ളച്ചാട്ടം എത്തി
ഉയരെ പാറക്കെട്ടുകളെ തഴുകി പാൽ പോലെ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടം. ചീയപ്പാറ വെള്ളച്ചാട്ടമാണ് ആദ്യ കാഴ്ച. നിരവധി സഞ്ചാരികൾ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിൽ സെൽഫിയെടുക്കാൻ തടിച്ചുകൂടി നിൽക്കുന്നു. ഫോട്ടോ എടുത്ത് അപ്പോൾത്തന്നെ പ്രിന്റ് ചെയ്ത് നൽകുന്നയാളുകളും അവിടെയുണ്ട്.
ഉപ്പും പുളിയും മധുരവുമായി രുചിയിലാറാടിച്ച നെല്ലിക്കയും മാങ്ങയുമൊക്കെ വിൽക്കുന്ന ചെറുകടകളുമുണ്ട്. ഒപ്പം എന്തെങ്കിലും കിട്ടിയാൽ കൊള്ളാമെന്ന ഭാവത്തിൽ കാഴ്ചക്കാരെ നോക്കിയിരിക്കുന്ന വാനരൻമാരും കുറവല്ല. ചുരുക്കത്തിൽ ഒരു ചെറിയ ലൊക്കേഷനാണ് ചീയപ്പാറ വെള്ളച്ചാട്ടം.
കുറച്ചു മുന്നോട്ടു പോയാൽ വാളറ വെള്ളച്ചാട്ടവും ആസ്വദിക്കാം. മഴക്കാലമായതിൽ കുത്തിയൊലിച്ച് ആർത്തിരമ്പിയാണ് വെള്ളമൊഴുകുന്നത്. വാഹനം ഇടതുവശത്തുനിർത്തി വലത്തോട്ട് നടന്നു വേണം ആ സുന്ദരമായ വെള്ളച്ചാട്ടം ആസ്വദിക്കാൻ.
മൂന്നാർ എത്തി
കോടമഞ്ഞ് പുതച്ച മലനിരകള്‍ പ്രത്യക്ഷപ്പെട്ടതോടെ മൂന്നാർ എത്തിയെന്നു മനസ്സിലാക്കാം. റോഡിന് വശത്തുള്ള ഭീമൻ പാറയും ചെറു വെള്ളച്ചാട്ടവും നൂൽമഴയുമൊക്കെ മിഴിവേകുന്നതായിരുന്നു. മൂന്നാറിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ മൂന്നു പുഴകൾ ചേരുന്നുണ്ട് ഇവിടെ. മറയൂർ സൈഡിൽ നിന്നുള്ള കന്നിയാർ, കന്നിയാറിലേക്കു ചേരുന്ന നല്ലതണ്ണിയാർ, പിന്നെ മാട്ടുപ്പെട്ടി ഭാഗത്തുനിന്നു വരുന്ന കുട്ടിയാർ. ഇതെല്ലാം ചേർന്ന് മുതിരപ്പുഴയാർ എന്ന പേരിൽ താഴേക്ക് ഒഴുകും. ഈ മുതിരപ്പുഴയാറാണ് മൂന്നാർ ടൗണിലേക്ക് കയറുമ്പോൾ ആദ്യം കാണുന്നത്. ഒറ്റദിവസം കൊണ്ട് മൂന്നാറിന്റെ സൗന്ദര്യം കണ്ടുമടങ്ങാൻ സാധിക്കില്ല. അഞ്ചു ദിവസം എങ്കിലും വേണം. മൂന്നാറിന്റെ തിരക്കുകളിൽ നിന്ന് മാറി മലമടക്കും വെള്ളച്ചാട്ടവും മഞ്ഞും കണ്ട് സുരക്ഷിതമായി താമസിക്കണോ? അബാദ് കൂപ്പർ കാസിൽ ബെസ്റ്റ് ചോയ്സാണ്. ബാൽക്കണിയുള്ള മുറികളും പുറത്തു നിന്നുള്ള വൈബും പൊളിയാണ്. കുട്ടികളടക്കം കുടുംബമായി വരുന്നവർക്കും ഇൗ റിസോർട്ടിലെ താമസം മികച്ചതാണ്. കുട്ടികൾക്കുള്ള കളിസ്ഥലവും വെട്ടിയൊരുക്കിയ ഗാർഡനുമൊക്കെ അടിപൊളിയാണ്. റിസോര്‍ട്ടിൽ എത്തിച്ചേരുന്നവർക്ക് വേണ്ടതെല്ലാം ഒരുക്കികൊടുക്കുക, അടുത്തുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പറഞ്ഞു നൽകുക എന്നുവേണ്ട എല്ലാ സഹായവും റിസോർട്ടിന്റെ മാനേജരായ മുരളി ചെയ്ത് തരും. കൂടുതല്‍ വിവരങ്ങൾക്കായി വിളിക്കാം: 92 888 888 50
കാഴ്ചകളേറെയുണ്ട്
ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീലക്കുറിഞ്ഞി പൂക്കുന്ന രാജമല. സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപെട്ടി അണക്കെട്ട്. ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടായ കുണ്ടള അണക്കെട്ട്, സ്പൈസസ് ഗാര്‍ഡൻ തുടങ്ങി നിരവധി കാഴ്ചകള്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളെ കാത്തുണ്ട്.
ശ്രദ്ധിക്കാം
ശനി, ഞായർ ദിവസങ്ങളിൽ മൂന്നാർ യാത്ര പോകുന്നതിനേക്കാൾ നല്ലത് മറ്റു ദിവസങ്ങളാണ്. വീക്കെൻഡിലെ തിരക്കിൽനിന്നു സ്വസ്ഥമായി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനാവും.